മലപ്പുറം: മുൻകൂർ ജാമ്യം ലഭിച്ച ശേഷം പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കരുവാരക്കുണ്ട് സ്വദേശികളായ അനീസ് മോൻ, സുബ്രഹ്മണ്യൻ, കാളികാവ് സ്വദേശി അമീൻ എന്നിവരാണ് പരാതിക്കാര്‍. ഹൈക്കോടതി ഉത്തരവ് പ്രകാരം പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ് രാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മണലിഴാം പാടത്ത് എത്തി തെളിവുകൾ ശേഖരിച്ചു.
ഏപ്രിൽ ഒന്നിന് ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ പ്രതികളുടെ പക്കല്‍ നിന്ന് വന്യജീവികളുടെ മാംസം കണ്ടത്തിയിരുന്നു. അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയായിരുന്നു. മെയ് ആറിനാണ് ജാമ്യം അനുവദിച്ചത്. ഇതേ തുടർന്ന് മെയ് 14ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെയും, തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്തും സൈലന്‍റ് വാലി വനപാലകർ തങ്ങളെ മർദിച്ചുവെന്നരോപിച്ച് പ്രതികളായ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി.
രണ്ടാഴ്ച്ചക്കകം ഹർജിയുടെ മേൽ അന്വേഷണം നടത്തി റിപ്പാർട്ട് സമർപ്പിക്കണമെന്ന് ജൂൺ 30 ന് കോടതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ ഈ റിപ്പോർട്ട് തൃപ്തികരമല്ലന്ന് കണ്ടത്തിയ കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനിടെ പ്രതികൾ മർദനത്തിനിരയായതായി പറയപ്പെടുന്ന മണലിഴാം പാടത്ത് എത്തി ക്രൈംബ്രാഞ്ച് തെളിവുകൾ ശേഖരിച്ചത്. ഫൊറൻസിക് വിദഗ്ദരും സംഘത്തിലുണ്ടായിരുന്നു.