മലപ്പുറം: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദ്വിദിന ആരോഗ്യ സന്ദേശ യാത്ര നടത്തി, പഞ്ചായത്തിലെ 14 വാർഡുകളിലായി 19 സ്ഥലങ്ങളിലൂടെയാണ് സന്ദേശ യാത്ര കടന്നു പോയത്. പെരുവമ്പാടത്ത് യാത്ര ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാൻ ഉദ്ഘാടനം ചെയ്യതു. മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ.അനൂപ് അധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ കെ.അരുൺകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കമ്മത്ത്, എന്നിവർ ബോധവത്ക്കരണ സന്ദേശം നൽകി.
കൊവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാനും, ജനങ്ങൾ സ്വീകരിക്കേണ്ടെ മുൻകരുതലുകൾ ബോധ്യപ്പെടുത്തുന്നതിനും, മാസ്ക് ധരിക്കേണ്ട ആവശ്യകത ഉൾപ്പെടെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആരോഗ്യ സന്ദേശയാത്ര നടത്തിയത്. ഞായർ, തിങ്കൾ, ദിവസങ്ങളിലായ നടത്തിയ ആരോഗ്യ സന്ദേശ യാത്ര ഏറെ ശ്രദ്ധേയമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും സ്ത്രീകളും, തൊഴിലാളികളും, യുവജനങ്ങളും വ്യാപാരികളുമുൾപ്പെടെ സന്ദേശ യാത്രയിൽ നൽകിയ നിർദേശങ്ങൾ കേൾക്കാൻ യാത്ര കടന്നു പോയ സ്ഥലങ്ങളിൽ എത്തിയിരുന്നു. വേട്ടേക്കോട് നടന്ന സമാപനത്തിലും നിരവധി പേർ പങ്കാളികളായി.
കൊവിഡ് പ്രതിരോധ സന്ദേശമുയർത്തി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വി.എസ്.ഗീത രചിച്ച് ഈണം നൽകിയ ഗാനവും, പകർച്ചവ്യാധികൾക്കെതിരെ ഗീത തന്നെ രചിച്ച ഗാനവും, സന്ദേശ യാത്ര കടന്നു പോയ സ്ഥലങ്ങളിൽ ജെ.പി.എച്ച് എൻമാരായ വി.ശ്രീകല, എം.പി.സുനു, പി. കൃഷ്ണപ്രിയ, സാന്ദ്രാ ജോസഫ് എന്നിവർ ചേർന്ന് ആലപിച്ചു. കൊവിഡ് പ്രതിരോധ ആരോഗ്യ സന്ദേശ യാത്രയിൽ കാളികാവിലെ ചന്ദ്രൻ ഇനാഥി ചാക്യാർ ആയി വേഷമിട്ടു.