മലപ്പുറം: പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍. താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിവില്‍ സപ്ലൈസ് ഓഫീസുകളും റേഷന്‍ കടകളും കാലത്തിനൊത്ത് പരിഷ്‌കരിച്ചും റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കിയും ഏറ്റവും മെച്ചപ്പെട്ട സേവനം ലഭിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാന്‍ നടപടികളാരംഭിച്ചതായി മന്ത്രി പറഞ്ഞു.
ഈ പ്രവർത്തനത്തിന്‍റെ ഭാഗമായി സിവില്‍ സപ്ലൈസ് ഓഫീസുകളെ ഫെബ്രുവരിയോടെ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ സ്റ്റോക്ക് വരുന്നതോടെ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷന്‍ കടകളില്‍ ലഭ്യമാക്കും. മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കാനും റേഷന്‍ വ്യാപാരികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിന്‍റെ കൂടെ ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 1000 റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റുന്നതിനായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു നല്ല നിലയില്‍ തുടരും. റേഷൻ വ്യാപാരികള്‍ സര്‍ക്കാരിന്‍റെ ഭാഗമാണെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കിയ മന്ത്രി വ്യാപാരികളോട് ഉദ്യോഗസ്ഥര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറരുതെന്നും ഓര്‍മ്മിപ്പിച്ചു.
ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ തന്നെ സമയബന്ധിതമായി നല്‍കണം. റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രങ്ങള്‍ അമിത ഫീസ് വാങ്ങുന്നതായുള്ള പരാതി പരിശോധിക്കുമെന്നും റേഷന്‍ കടകളോടനുബന്ധിച്ച് തന്നെ ഒരു പഞ്ചായത്തില്‍ ഒന്നുവീതം സേവന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: അതിജീവനത്തിന് പുതുവഴി തേടി സുനില്‍; വേണം കരുതലിന്‍റെ കരങ്ങള്‍