മലപ്പുറം: അരീക്കോട് കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളില്‍ സ്വാതന്ത്ര്യദിന ഘോഷയാത്രയില്‍ വി.ഡി സവർക്കറുടെ വേഷത്തില്‍ വിദ്യാര്‍ഥിയെത്തിയ സംഭവത്തിൽ എംഎസ്‌എഫ് പ്രതിഷേധം. സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകർ അധികൃതരെ ഓഫിസ് മുറിയില്‍ പൂട്ടിയിട്ടു. തുടർന്ന് പ്രവര്‍ത്തകര്‍ മുറിയുടെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബുധനാഴ്‌ച രാവിലെ 11 മണിയോടെ സംഭവം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഏറനാട് മണ്ഡലം എംഎസ്എഫ് കമ്മറ്റിയാണ് സ്‌കൂളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അരീക്കോട് പൊലീസ് പ്രതിഷേധക്കാരെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഇവർ മാറാൻ തയ്യാറായില്ല.
തുടർന്ന് പൊലീസ് ലാത്തി വീശി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. എട്ടോളം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം യൂത്ത് ലീഗും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
സവര്‍ക്കറുടെ വേഷത്തില്‍ വിദ്യാര്‍ഥി: തിങ്കളാഴ്‌ച അരീക്കോട് കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളിലെ സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് വിവാദ സംഭവം. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച വിദ്യാര്‍ഥികളുടെ ഇടയില്‍ സവര്‍ക്കറുടെ വേഷം ധരിച്ച വിദ്യാര്‍ഥി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാല്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ 75 സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ സവർക്കറെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.
സംഭവം വിവാദമായതിന് പിന്നാലെ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയ, മത വിദ്യാർഥി സംഘടനകൾ സ്‌കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അതേസമയം, സബ് കമ്മറ്റിയുടെ ചുമതലയുള്ള അധ്യാപികയോട് സ്‌കൂള്‍ അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്നതിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more: കുഞ്ഞുങ്ങളുടെ റാലിയിലെ സവര്‍ക്കര്‍, പ്രതിഷേധിച്ച് യൂത്ത് ലീഗ്