മലപ്പുറം: കാലിക്കറ്റില്‍ വിസി നിയമം വൈകുന്നതിനെതിരെ സെനറ്റ് അംഗമായ അധ്യാപകൻ ഒറ്റയാൾ സമരത്തിന്. തൃശൂർ കേരള വർമ കോളജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനും കണ്ണൂർ കരിപ്പോൾ സ്വദേശിയമായ കെ.വി അരുൺ സ്വന്തം വസതിയിലാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. വൈകിട്ട് 3.30 മുതല്‍ നാല് മണി വരെയാണ് സമരം. വൈസ് ചാൻസലർ നിയമനം രാഷ്ട്രീയ സമ്മർദ കുരുക്കിലായതോടെ ഏറെ നാളായി അനിശ്ചിതത്വത്തിലാണ്. സെർച്ച് കമ്മിറ്റി ഇന്‍റർവ്യൂ നടത്തി നിയമന പാനല്‍ ലിസ്റ്റ് ഗവർണർക്ക് അയച്ചിട്ടും ഇതുവരെ നടപടിയായിട്ടില്ല.
സെർച്ച് കമ്മിറ്റി രണ്ട് പാനല്‍ നിയമനത്തിനായി നൽകി എന്നതിനാൽ സർക്കാരും ഗവർണറും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായതിനാൽ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അധ്യാപകന്‍റെ സമരം. കൊവിഡ് കാലത്ത് അധ്യയനം, അഡ്‌മിഷൻ, പരീക്ഷ, മൂല്യനിർണയം എന്നിവ നടത്തുന്നതിന് ഉചിതമായി തീരുമാനിക്കേണ്ട സ്വയം ഭരണസ്ഥാപനമായ കാലിക്കറ്റ് സർവകലാശാലയ്ക്ക് നാഥനില്ലാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യങ്ങൾ കൂടുതല്‍ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ പരിഗണനയിലുള്ളവരിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സെനറ്റ് അംഗം നടത്തുന്ന നിൽപ്പ് സമരം ഓൺലൈനായി വി.ടി ബൽറാം എംഎൽഎ ഉദ്‌ഘാടനം ചെയ്യും.