കൊണ്ടോട്ടി; 80 പായ്ക്കറ്റ് ബ്രൗൺ ഷുഗറും 100 മെത്ത് ടാബ്ലറ്റുകളുമായി രണ്ട് പേരെ കൊണ്ടോട്ടിയില്‍ പിടികൂടി. കൊണ്ടാട്ടി മേലങ്ങാടി മത്തൻ കുഴിയിൽ അഷ്റഫ്, വെസ്റ്റ് ബംഗാൾ നോയിഡ സ്വദേശി ബത്തൻ പാര രാജു ഷെയ്ക് എന്നിവരെയാണ് കൊണ്ടോട്ടി ഇൻസ്പെക്ടർ എൻബി ഷൈജുവും ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജൻ ഡ്രഗ്ഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ആന്‍റി നർക്കോട്ടിക്ക് സ്ക്വാഡ് ഒരാഴ്ചയോളമായി ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു. ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്‍റെ കവറിലും ശരീര ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്. 100 ഓളം മെത്ത് ടാബുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ബംഗാൾ സ്വദേശി 2017ൽ മലപ്പുറം എക്സൈസ് സ്ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി . പി ഷംസ്, മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ ഷൈജു, എസ് ഐ അഹമ്മദ് കുട്ടി, സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.