മലപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്‍റെ മകൻ സഹദിന്‍റെ (24) മൃതദേഹമാണ് ജൂലൈ 13ന് രാവിലെ കണ്ടെത്തിയത്.
ജൂലൈ 11ന് ഉച്ചയ്ക്കാണ് യുവാവിനെ ഒഴിക്കിൽപ്പെട്ട് കാണാതായത്. ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരുടെയും അഗ്നിശമനസേന ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചുവെങ്കിലും യുവാവിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് രാത്രി തിരച്ചിൽ നിർത്തിവെച്ചു.
ഇന്നലെ രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ശക്തമായ മഴ മൂലം ഭാരതപ്പുഴയിൽ പലയിടങ്ങളിലും ജലനിരപ്പ് നേരിയ തോതിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് ഇന്ന് രാവിലെ സ്‌കൂബ ഡൈവിങ് വിദഗ്‌ധരുടേയും കോസ്റ്റൽ പൊലീസിന്‍റെയും അഗ്നിശമന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കാണാതായ സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Read more: കുറ്റിപ്പുറത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി