മലപ്പുറം: ഭൗമ സൂചിക പദവി ലഭിച്ച തിരൂർ വെറ്റിലയുടെ കയറ്റുമതി നിലച്ചതോടെ പതിനായിരത്തിലധികം കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. മറ്റ് സംസ്ഥാനങ്ങളിലേക്ക് വെറ്റില കയറ്റുമതി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നാണ് വ്യാപാരികളും കർഷകരും ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണിന് മുമ്പ് തിരൂരിൽ നിന്ന് പ്രതിദിനം 10 ടൺ വെറ്റില വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഒരു വെറ്റിലക്ക് 80 പൈസ എന്ന നിരക്കിൽ ഒരു കെട്ട് വെറ്റിലക്ക് ചരിത്രത്തിൽ തന്നെ 80 രൂപ എന്ന നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതിനിടെയാണ് കയറ്റുമതി നിലച്ചത്.
വെറ്റിലയുടെ സീസണായ ഫെബ്രുവരി മുതല്‍ ഏപ്രിൽ വരെയുള്ള മാസങ്ങളില്‍ കയറ്റുമതി നിലച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ആഴ്ചയിൽ ഒരു ദിവസം പ്രാദേശിക വിപണിയിൽ വെറ്റില എത്തിക്കാം. എന്നാല്‍ വളരെ കുറഞ്ഞ അളവിലാണ് ഈ കച്ചവടം നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് വെറ്റില കയറ്റുമതി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നാണ് വ്യാപാരികളും കർഷകരും ആവശ്യപ്പെടുന്നത്. ഈ ആഴ്ച അവസാനം എങ്കിലും അയൽ സംസ്ഥാനങ്ങളിലേക്ക് വൈറ്റില കയറ്റി അയക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തിരൂരിലെ കർഷകർ.