മലപ്പുറം: അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരില്‍ പിടിയിലായി. വംശനാശ ഭീഷണി നേരിടുന്ന കണ്ടാമൃഗത്തെ വെടിവച്ചു കൊന്ന കേസിൽ ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായ അസ്‌മത്ത് അലിയെയാണ് ഇന്ന് പുലർച്ചെ (17.02.2022) വാണിയമ്പലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അസം പൊലീസിന് കൈമാറി.
ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ജോലി ചെയ്‌ത് നിലമ്പൂരിൽ താമസിക്കുകയായിരുന്നു അസ്മത്ത്. ഇയാളെ പിടികൂടുന്നവർക്ക് അസം സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെയാണ് അസമിൽ നിന്ന് രക്ഷപ്പെട്ട് അതിഥി തൊഴിലാളികൾക്കൊപ്പം കേരളത്തിലെത്തിയത്. സുരക്ഷിത സ്ഥലം എന്ന നിലയിലാണ് ഇയാൾ നിലമ്പൂരിലെത്തിയത്.
അസ്മത്തിന്‍റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അസം പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ബന്ധുക്കളുമായി ബന്ധപ്പെടാതിരുന്ന ഇയാൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുടുംബത്തെ ഫോണിൽ വിളിച്ചതോടെയാണ് അസ്മത്ത് അലി നിലമ്പൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് അസം പൊലീസ് കേരള പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. നിലമ്പൂർ പൊലീസ് ഇൻസ്പെക്‌ടർ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ALSO READ: ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ദൃശ്യങ്ങൾ പകർത്തി പൊലീസ്