മലപ്പുറം: അര്‍ജന്‍റീനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ താനാളൂരിലാണ് സംഭവം. കണ്ണറയില്‍ ഇജാസ് (33), പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെയാണ് വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്.
തൊട്ടടുത്ത് നിൽക്കുകയായിരുന്ന ഇജാസിനും സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read: ദൈവത്തിന് നന്ദി, ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു.... കിരീടം നെഞ്ചോട് ചേർത്ത് മെസി