പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമാണത്തിന്‍റെ മറവിൽ ആദിവാസികളുടെ പണം തട്ടിയ സംഭവത്തിൽ സിപിഐ നേതാവടക്കം രണ്ട് പേർ അറസ്റ്റിൽ. സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി മെമ്പറും നിലമ്പൂർ കൗൺസിലറുമായ പി.എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
പാലക്കാട് അഗളി ഭൂതുവഴി ഊരുലെ ഏഴ് പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനാണെന്ന് പറഞ്ഞ് ആദിവാസികളെ ബാങ്കിലെത്തിച്ച് അവരുടെ അക്കൗണ്ടിലുള്ള പണം ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് പരാതി. അഗളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന പരാതി ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരും പിടിയിലായത്. ഭൂതുവഴി ഊരിലെ കൗൺസിലർ ജാഗിറും സംഭവത്തിൽ പ്രതിയാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഭൂതിവഴി ഊരിലെ ആദിവാസികള്‍ പരാതി നല്‍കിയത്.