മലപ്പുറം : കുളത്തൂർ കുറുപ്പത്താൽ പുല്ലേപ്പടിയില്‍ സലിമും അദ്ദേഹത്തിന്‍റെ വണ്ടിയുമാണിത്. പക്ഷേ ഇങ്ങനൊരു വാഹനം മറ്റെവിടെയും കാണാനാകില്ല. കാരണം ഇത് സലിമിന്‍റെ സൃഷ്‌ടിയാണ്. പക്ഷേ അത്ഭുതം അതല്ല. ഒരു ഓട്ടോറിക്ഷയാണ് സലിം ഈ രൂപത്തിലാക്കിയത്. മെക്കാനിക്കായ സലിമിന്‍റെ മാസങ്ങളായുള്ള അധ്വാനമാണ് ഈ വാഹനത്തിന്‍റെ സൃഷ്‌ടിക്ക് പിന്നിലുള്ളത്.
തുടർപഠനത്തിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതായതോടെ സലിം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. പിന്നീട് ഉപജീവനത്തിനായി മെക്കാനിക്കായി. വർക്ക്‌ഷോപ്പിലെ ജോലി കഴിഞ്ഞ് രാത്രിയിലാണ് സലീമിന്‍റെ പരീക്ഷണങ്ങള്‍. ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ സലീം മുമ്പും നടത്തിയിട്ടുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരാനുള്ള യന്ത്രം, റിമോട്ട് അമർത്തിയാൽ ആകാശത്തേക്ക് പറക്കുന്ന റോക്കറ്റ്, പാഴ്‌വസ്‌തുക്കള്‍ക്കൊണ്ട് നിർമ്മിച്ച ക്രിക്കറ്റ് ബാറ്റ്‌സ്‌മാന്‍റെ രൂപം തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്.
സ്‌കൂൾ പഠനകാലത്തു തന്നെ മനസിൽ കയറിക്കൂടിയ ശാസ്‌ത്ര താല്പര്യമാണ് സലീമിന് പ്രചോദനമാകുന്നത്. സലീമിന്‍റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചറിഞ്ഞ് സ്കൂളിൽ നിന്നും ശാസ്‌ത്രമേളയ്‌ക്കുള്ള ഉപദേശങ്ങള്‍ തേടി നിരവധി വിദ്യാർഥികൾ എത്താറുണ്ട്. ഒപ്പം നിരവധി പുരസ്കാരങ്ങളും സലീമിനെ തേടിയെത്തി. സലീം നിർമ്മിച്ച പല ഉപകരണങ്ങളും സമീപ പ്രദേശത്തെ വീടുകളിൽ പ്രവർത്തിക്കുന്നുണ്ട്. ആകാശത്തോളം സ്വപ്നം കാണുന്ന സലീമിന്‍റെ അടുത്ത ലക്ഷ്യം ഒരാൾക്ക് സഞ്ചരിക്കാവുന്ന വിമാനമാണ്. അതിനുള്ള ഒരുക്കങ്ങളും സലീം ആരംഭിച്ചു കഴിഞ്ഞു.