മലപ്പുറം: ആശുപത്രികളില്‍ കുട്ടികളുടെ കരച്ചില്‍ പതിവ് കാഴ്ചയാണ്. പഠിച്ച പണി പതിനെട്ടും പയറ്റിയാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങളുടെ കരച്ചില്‍ നിർത്തുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ താലൂക്ക് ആശുപത്രിയില്‍ ഇനി അങ്ങനെ ഒരു കാഴ്‌ച ഉണ്ടാകില്ല. കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിറഞ്ഞുകഴിഞ്ഞു. ആദ്യ കാഴ്ചയില്‍ ഇതൊരു പ്ളേ സ്കൂൾ ആണെന്നു തോന്നും. പക്ഷേ താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡില്‍ കാർട്ടൂണുകൾ വരച്ച് മനോഹരമാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. വാര്‍ഡ് ശിശുസൗഹൃദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി മലപ്പുറം ഗവൺമെന്‍റ് കോളേജിലെ എൻ എസ് എസ് പ്രവര്‍ത്തകരാണ് ഭിത്തികള്‍ ക്യാന്‍വാസാക്കി മാറ്റിയത്.
കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ, ബുജി, മിക്കി മൗസ്, ആൻഗ്രി ബേർഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് വാര്‍ഡിലെ ചുമരുകളിൽ വിദ്യാര്‍ഥികള്‍ വരച്ചുചേര്‍ത്തത്. ചിത്രങ്ങള്‍ക്ക് പുറമേ ബലൂണുകളും, വര്‍ണ്ണക്കടലാസുകളും വാര്‍ഡില്‍ നിറഞ്ഞിട്ടുണ്ട്. ഇനി ഒരു കാർട്ടൂൺ സീരിയല്‍ കാണുന്ന മനസുമായി ആശുപത്രിയില്‍ കഴിയാം.