മലപ്പുറം: ഇരുതലമൂരികളുമായി 5 പേരെ വനം വിജിലൻസ് വിഭാഗം പിടികൂടി. എളംങ്കൂർ പുലത്ത് -തച്ചുണ്ണി റോഡിലെ കെ.എം അപ്പാർട്ടുമെന്‍റിൽ നിന്നുമാണ് തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ഉൾപ്പെടെ 5 പേരെ നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം രമേശന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഇരുതലമൂരികളേയും ഇവയെ കൊണ്ടുവന്ന കാറും പിടിച്ചെടുത്തു.
തമിഴ്‌നാട് തിരുപ്പൂർ സ്വദ്ദേശി രാജാ മുഹമ്മദ് (39), എളങ്കൂർ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുൾ കരീം (42), എടവണ്ണ പത്തപ്പിരിയം പാതാർക്കുന്ന് കമറുദ്ദീൻ (40), കാസർകോട് ചെങ്ങലകൊളക്കാടൻ ഹനീഫ മുഹമ്മദ് (46), ഇടനിലക്കാരനായ ആലപ്പുഴ ചേർത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
അന്ധവിശ്വാസത്തിന്‍റെ മറവിൽ മോഹവില നൽകി വാങ്ങിയ ഇരുതലമൂരികളെ വലിയ ലാഭത്തിൽ വിൽക്കാനായാണ് ഇവർ വാടക അപ്പാർട്ട്മെന്‍റിൽ താമസിച്ച് വന്നത്. രണ്ട് ദിവസമായി ഇരുതലമൂരികളെ വിൽപ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ. 2 ലക്ഷം രൂപ നൽകി തമിഴ്‌നാട്ടിൽ നിന്നുമാണ് ഇവർ ഇരുതലമൂരികളെ വാങ്ങിയത്. 5 ലക്ഷം രൂപയ്‌ക്ക് മറിച്ച് വിൽപ്പന നടത്താനായിരുന്നു നീക്കം.
വന്യജീവി സംരക്ഷണ നിയമത്തിൽ നാലാം ഷെഡ്യൂളിൽ വരുന്ന ജീവിയാണ് രണ്ട് ഭാഗത്തും തലകളുള്ള ഇരുതലമൂരി. മന്ത്രവാദത്തിനും, ഐശ്വര്യത്തിനും, ഭാഗ്യം വരുമെന്നും കബളിപ്പിച്ചാണ് ഇരുതല മൂരിയെ വില്‍പ്പന നടത്തുന്നത്.