കോഴിക്കോട് : മഴ നനയാതിരിക്കാൻ സ്‌കൂളിന്‍റെ വരാന്തയില്‍ കയറി നിന്നവർക്കു പോലും പത്താംക്ലാസ് പാസായ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് തമാശയായി പറഞ്ഞിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് കൊവിഡ് വാക്‌സിനേഷന്‍റെ കാര്യത്തില്‍ സത്യമാകുകയാണ്. ആ കഥ ഇങ്ങനെയാണ്, കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ബിരുദ വിദ്യാർഥി വാക്‌സിന്‍ എടുക്കാനായി ക്യാമ്പിലെത്തി. ക്യൂ നിന്ന ശേഷം ആദ്യത്തെ കൗണ്ടറിൽ രജിസ്ട്രേഷൻ വിവരങ്ങൾ നൽകി.
വാക്‌സിന്‍ ബുക്ക് ചെയ്യാൻ സ്ലോട്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണ് സ്പോട്ടിൽ പോയത്. എന്നാൽ കൗണ്ടറിൽ എത്തിയപ്പോൾ മറുപടി വന്നു, 40 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് കുത്തിവയ്‌പ്പെന്ന്. ഇതോടെ വിദ്യാർഥി വീട്ടിലേക്ക് മടങ്ങി. എന്നാൽ, വൈകുന്നേരം ‘നിങ്ങൾ ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നു’ എന്ന് സന്ദേശമെത്തി.
കൊവിൻ പോർട്ടലിൽ ആദ്യ ഡോസ് എടുത്തതിന്‍റെ സർട്ടിഫിക്കറ്റും വിദ്യാർഥിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യ ഡോസ് എടുത്തതായി കാണിക്കുന്നതിനാൽ, നിലവിൽ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുമാണ്. എന്തൊരു അവസ്ഥയാണിത്....
' അതും പോരാഞ്ഞിട്ട്, പിൻവാതിൽ വാക്‌സിന്‍ മേള'
സ്പോട്ട് രജിസ്ട്രേഷന്‍റെ മറവിൽ, തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് താൽപര്യമുള്ളവർക്ക് മുൻഗണന നൽകുന്നുവെന്ന് ആക്ഷേപവും ഉയരുന്നുണ്ട്... പിൻവാതിൽ വാക്‌സിന്‍ മേളയാണ് നടക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആക്ഷേപം. ഡി കാറ്റഗറിയിലുള്ള കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളിൽ പിൻവാതിലിലൂടെ കുത്തിവയ്‌പ്പ് നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രി ഉപരോധിച്ചു.
പ്രായമായവരും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരും വാക്‌സിന്‍ ബുക്കിങ്ങിൽ പിന്തള്ളപ്പെട്ട് പോകാതിരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സംവിധാനമൊരുക്കിയത്. എന്നാൽ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണെന്നാണ് ആരോപണം.
Also read: കേരളത്തിലെ വാക്‌സിൻ വിതരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തള്ളി വീണ ജോര്‍ജ്