കോഴിക്കോട്: ചാലിയാറിന്‍റെ ഊർക്കടവിന് താഴെയുള്ള ഭാഗത്തുനിന്നും മണൽ വാരാൻ അനുമതി നൽകണമെന്ന് തൊഴിലാളികൾ. അഞ്ചുവർഷത്തെ ഇടവേളയ്‌ക്കു ശേഷം ചാലിയാറിൽനിന്ന് മണൽവാരാൻ രണ്ട് ദിവസം മുമ്പ് അനുമതി ലഭിച്ചിരുന്നു. മണൽ ഓഡിറ്റ് റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്നായിരുന്നു അനുമതി. അടുത്ത മൂന്നുവർഷത്തേക്ക് ചാലിയാറിൽനിന്ന് ഇനി മണൽ വാരാം.
ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് വരെയാണ് ഓഡിറ്റ് നടത്തിയതും അനുമതി നൽകിയതും. എന്നാൽ ഊർക്കടവിന് താഴ്ഭാഗത്തേക്കും മണൽവാരാൻ അനുമതി നൽകണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. നേരത്തെ ആറാള്‍ താഴ്ചയുണ്ടായിരുന്ന പുഴക്ക് ഒരാൾ താഴ്ച മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ഈ സ്ഥലത്തെല്ലാം മണൽ അടിഞ്ഞ് കൂടിയതാണന്നും പ്രദേശവാസികളും മണല്‍ വാരല്‍ തൊഴിലാളികളും പറയുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളം കയറിയ ഈ പ്രദേശങ്ങളിൽ അടിഞ്ഞ് കൂടിയ മണൽ വാരിയില്ലങ്കിൽ ഇനിയും വെള്ളം കയറുമെന്നും തൊഴിലാളികൾ പറയുന്നു. കൂടുതൽ സ്ഥലങ്ങളിൽ മണൽ വാരാൻ അനുമതി നൽകാത്തത് ക്രഷർ മുതലാളിമാരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഒത്തുകളിയാണെന്നും അരോപണമുണ്ട്.