കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്ര സ്വദേശി അറസ്റ്റിൽ. സതീഷ് നാരായണൻ (37) എന്നയാളാണ് പിടിയിലായത്. ഡിസിആർബി ഡിവൈഎസ്‌പി ആർ ഹരിദാസനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. താലൂക്ക് ഓഫിസ് സംഭവത്തിന് മുമ്പ് നടന്ന മൂന്ന് തീപിടിത്ത കേസുകളിലാണ് ആന്ധ്ര സ്വദേശിയുടെ അറസ്റ്റെന്ന് റൂറൽ പൊലീസ് എസ്‌പി ഡോ. എ ശ്രീനിവാസ് പറഞ്ഞു.
വടകരയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിറ്റി സെന്‍റര്‍ ബിൽഡിങ്, വടകര ഹൈവേ തഹസിൽദാരുടെ ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസ് കെട്ടിടം എന്നിവിടങ്ങളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
Read: വടകര താലൂക്ക് ഓഫിസ് തീപിടിത്തം: ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍
ഡിസംബര്‍ പതിനൊന്നിനാണ് സിറ്റി സെന്‍ററില്‍ തീപിടിത്തം ഉണ്ടായത്. 12, 13 തിയ്യതികളിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളിലും തീപിടിത്തം നടന്നു. ഇതിന് ശേഷമാണ് താലൂക്ക് ഓഫിസ് കെട്ടിടത്തിൽ അഗ്നി ബാധ ഉണ്ടായത്. സിറ്റി സെന്‍റര്‍ ബിൽഡിങിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദ്യശ്യങ്ങളാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച വസ്ത്രങ്ങൾ, തൊപ്പി എന്നിവ പ്രതിയുടെ താമസ സ്ഥലത്ത് നിന്ന് കണ്ടെത്തിയതും കേസുമായി പ്രതിക്കുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള തെളിവുകളാണെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയുടെ ബന്ധുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിയെ കുറിച്ച് ആന്ധ്രാപ്രദേശിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുമെന്നും എസ്‌പി പറഞ്ഞു.
വടകര തഹസിൽദാരുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത നാലാമത്തെ കേസുമായി ബന്ധപ്പെടുത്താനുള്ള ലിങ്ക് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും എസ്‌പി വ്യക്തമാക്കി. താലൂക്ക് ഓഫിസ് തീപിടിത്തത്തിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തു.