കോഴിക്കോട്: ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് ഭര്‍തൃ വീടിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതിയും മക്കളും. ഭർതൃ ബന്ധുക്കൾ അടച്ചുപൂട്ടിയ വീടിന് മുന്നിലാണ് പേരോട് കിഴക്കേ പറമ്പത്ത് താഴെ ചമ്പോട്ടു കണ്ടി മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷഫീനയും രണ്ട് മക്കളും സ്വന്തം വീട് തുറന്ന് കിട്ടാന്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഉയരം കുറവെന്ന പേരിൽ മൊഴി ചൊല്ലാനാണ് ഭർത്താവിന്‍റെ ശ്രമമെന്ന് ഷഫീന ആരോപിച്ചു.
ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി 2010ല്‍ ആണ് വാണിമേല്‍ കോടിയുറ വലിയപറമ്പത്ത് സലാമിന്‍റെ ഏക മകള്‍ ഷഫീനയെ വിവഹം ചെയ്‌തത്. ഷാഫിയോടൊപ്പം ഗള്‍ഫിലായിരുന്നു ഷഫീനയും മക്കളും. 2018 ഫെബ്രുവരി 16 ആയിരുന്നു ഇവരുടെ ഗൃഹ പ്രവേശനം. ഗൃഹപ്രവേശനത്തിന് ശേഷം ഗള്‍ഫിലേക്ക് കുടുംബസമേതം ഷാഫിയും ഷഫീനയും മക്കളും മടങ്ങി. ഒരു മാസം ഗള്‍ഫില്‍ കഴിഞ്ഞ ശേഷം ഷഫീനയെയും മക്കളെയും ഭർത്താവ് ഷാഫി നാട്ടിലേക്ക് തിരിച്ച് അയച്ചു. പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തം വീട്ടിലേക്ക് പോവാന്‍ ഷാഫി ഷഫീനയോടും മക്കളോടും ആവശ്യപ്പെട്ടു.
ഇതിനിടയിൽ ഷാഫി വീടും സ്ഥലവും അയാളുടെ പിതാവിന്‍റെ പേരിലേക്ക് മാറ്റി വഞ്ചിച്ചെന്ന് ഷഫീനയുടെ ബന്ധുക്കൾ പറഞ്ഞു. വീട് നിര്‍മാണത്തിന് 10 ലക്ഷം രൂപ ഷാഫിക്ക് നല്‍കി സഹായിച്ചതായും ഷഫീനയുടെ 51 പവനോളം വരുന്ന സ്വര്‍ണം ഷാഫിയും കുടുംബവും കൈക്കലാക്കിയതായും ഒന്നര വര്‍ഷത്തോളമായി ഷഫീനക്കും മക്കള്‍ക്കും ചെലവിന് നൽകുന്നില്ലന്നും ഷഫീനയുടെ ബന്ധുക്കള്‍ പറയുന്നു.
വീടും സ്ഥലവും പിതാവിന്‍റെ പേരിലേക്ക് മാറ്റിയ ഷാഫി തന്‍റെ വീട്ടില്‍ ആരും പ്രവേശിക്കാൻ പാടില്ലെന്ന കോടതിയുത്തരവും വാങ്ങിയിരുന്നതായി ഷഫീനയുടെ ബന്ധുക്കൾ പറഞ്ഞു. ഇതിന്‍റെ കാലാവധി കഴിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ ഷഫീനയും മക്കളും ഷാഫിയുടെ പുതിയ വീട്ടിൽ എത്തിയത്. ഉപ്പയോട് വീടിന്‍റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും. ഇതേ തുടർന്ന് ഇവർ വീടിന്‍റെ വരാന്തയിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. അതേസമയം ഷാഫി ആവശ്യപ്പെട്ടത് അനുസരിച്ചാണ് വീട്ടില്‍ എത്തിയതെന്നും വാട്‌സ് ആപ്പിൽ അയച്ച ശബ്ദ സന്ദേശം തങ്ങളുടെ കൈവശം ഉണ്ടെന്നും ഷഫീന പറയുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വീട് വിട്ടുകിട്ടാതെ പിന്മാറില്ലെന്ന നിലപാടിലാണ് യുവതിയും കുടുംബവും.