കോഴിക്കോട്: വ്യത്യസ്‌തമായ കലാസൃഷ്‌ടികളുടെ പ്രദര്‍ശനവുമായി റിച്ച മധുസൂദനന്‍. മലയാളികൾ അധികം കണ്ടിട്ടില്ലാത്ത റഷ്യൻ സ്‌കള്‍പ്‌ച്ചറല്‍ സൃഷ്‌ടികളാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. മുപ്പതോളം സൃഷ്‌ടികളാണ് പ്രദർശനത്തിലുള്ളത്. ഒരു വർഷത്തിനിടെ രൂപം നൽകിയതാണ് ഇതെല്ലാം.
ചിത്രങ്ങൾ ഫ്രെയിം ചെയ്യാനുപയോഗിക്കുന്ന ബോർഡിൽ പ്രത്യേകതരം കുഴമ്പ് മിശ്രിതം ഉപയോഗിച്ചു ത്രീഡി മാതൃകയിലാണ് ഓരോ ചിത്രവും രൂപപ്പെടുത്തിയിരിക്കുന്നത്. കട്ടികുറഞ്ഞ പ്രത്യേകതരം കത്തി ഉപയോഗിച്ച് മിശ്രിതം ബോർഡിൽ പതിപ്പിക്കുകയാണ് ചെയ്യുക. ഇത് ഉണങ്ങാൻ രണ്ടര മണിക്കൂർ എങ്കിലും എടുക്കും. വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കളാണ് സൃഷ്‌ടികളില്‍ ഏറെയും.
യുട്യൂബിലൂടെ കണ്ടാണ് റിച്ച ഈ കലാസൃഷ്‌ടി പഠിച്ചെടുത്തത്. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലും, ഇറ്റലിയിലെ മിലാനിലുമായാണ് റിച്ച പഠനം പൂര്‍ത്തിയാക്കിയത്. നടക്കാവ് സ്വദേശിയും മജീഷ്യനും ഹിപ്‌നോടിസ്റ്റുമായ മധുസൂദനാണ് ഭർത്താവ്. റഷ്യൻ സ്‌കള്‍പ്‌ച്ചറിങ് പഠിക്കാൻ താൽപര്യമുള്ളവർക്ക് 28 ,29 തീയതികളിലായി ആര്‍ട്ട് ഗ്യലറിയില്‍ ക്ലാസ് നടത്തും. പ്രദർശനം 28ന് സമാപിക്കും.