കോഴിക്കോട്: ആഴക്കടലിൽ അകപ്പെട്ട പോത്തിനെ രക്ഷിച്ച് കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികൾ. കോതി നൈനാംവളപ്പ് തീരത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ പുറം കടലിലേക്ക് നീന്തുന്ന അവസ്ഥയിൽ കണ്ട പോത്തിനെയാണ് മത്സ്യത്തൊഴിലാളികൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരക്കെത്തിച്ചത്.
കോതി അഴീമുഖത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട അറഫ ശദ, സാല റിസ എന്നീ രണ്ട് ഫൈബർ വള്ളത്തിലെ തൊഴിലാളികളാണ് വ്യാഴാഴ്‌ച പുലർച്ചെ 2 മണിയോടെ പോത്തിനെ കണ്ടത്. ശ്വാസം കിട്ടാതെ അവശ നിലയിലായിരുന്നു പോത്ത്. തുടർന്ന് തൊഴിലാളികൾ കടലിൽ മുങ്ങാതിരിക്കാൻ രണ്ട് കന്നാസുകൾ പോത്തിന്‍റെ ശരീരത്തിൽ കെട്ടി രണ്ട് വള്ളങ്ങൾക്കും ഇടയിലാക്കി പതുക്കെ നീന്തിച്ചു.
മത്സ്യത്തൊഴിലാളികളായ എ.ടി. റാഷി, എ.ടി. ഫിറോസ്, എ.ടി. സക്കീർ, എ.ടി.ദിൽഷാദ് എന്നിവരാണ് പോത്തിനെ കരയ്ക്കെത്തിച്ചത്. പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോൾ രാവിലെ 8 മണിയായിരുന്നു. മീൻ പിടിക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഇവർ.
ALSO READ: 53 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ 'ഒലിവ് റിഡ്‌ലി' കുഞ്ഞൻമാർ കടലിലേക്ക്
അതേസമയം പോത്ത് എങ്ങനെ കടലിലെത്തിയെത്തിയെന്നത് വ്യക്തമല്ല. അറവ് കേന്ദ്രത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടതാകാൻ സാധ്യതയുണ്ടെന്നാണ് അനുമാനം. എന്തായാലും പോത്തിനെ തേടി ഉടമ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.