കോഴിക്കോട്: വളയത്തും, വടകരയിലും വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി. 250 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. പൊലീസും, എക്സൈസും ചേര്‍ന്നാണ് റെയ്‌ഡ് നടത്തിയത്. ചെക്യാട് പഞ്ചായത്തിലെ താനോക്കോട്ടൂരിലെ നിർമാണം നടക്കുന്ന വീട്ടിൽ നിന്നാണ് വാഷ് പിടികൂടി നശിപ്പിച്ചത്. വാറ്റുപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വളയം എസ്.ഐ ആർ.സി.ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
ആളൊഴിഞ്ഞ വീട്ടിൽ ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. വടകര എക്‌സൈസ് റെയ്ഞ്ച് സംഘം മണിയൂർ മുടപ്പിലാവിൽ നടത്തിയ പരിശോധനയിലാണ് 100 ലിറ്റർ വാഷും, നാടൻ ചാരായ നിർമാണ ഉപകരണങ്ങളും പിടികൂടിയത്. മുടപ്പിലായിലെ ആൾ താമാസമില്ലാത്ത വീട്ട് പറമ്പിൽ മൂന്ന് കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വടകര എക്‌സൈസ് റെയ്ഞ്ച് പ്രിവന്‍റീവ് ഓഫീസർ പി.കെ. സബീർ അലിയും സംഘവുമാണ് പരിശോധന നടത്തിയത്. ലോക്ക്ഡൗൻ കാലയളവിൽ മാത്രം വടകര എക്‌സൈസ് സംഘം മണിയൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000 ലിറ്ററോളം വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.