കോഴിക്കോട്: സർക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി ഇടത് അനുകൂല വ്യാപാര സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതിയും. സർക്കാർ തുടരുന്ന അശാസ്‌ത്രീയ രീതികളോട് അനുകൂലിക്കാൻ കഴിയില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്‍റ് വി.കെ.സി മമ്മദ് കോയ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ സ്വയം കടകൾ തുറന്ന് പ്രവർത്തിപ്പിക്കേണ്ടി വരും. ഇത് വെല്ലുവിളിയല്ലെന്നും വ്യാപാരികൾ പൊറുതിമുട്ടിയ അവസ്ഥയിലാണെന്ന് സർക്കാർ മനസിലാക്കണമെന്നും മമ്മദ് കോയ പറഞ്ഞു. അശാസ്‌ത്രീയമായ ടിപിആർ മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
ഇതിന് പുറമെ വ്യാപാരികൾക്കെതിരെയുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വ്യാപാരികളെയും ജീവിക്കാൻ അനുവദിക്കുക എന്നി ആവശ്യങ്ങളും ഉന്നയിച്ച് വ്യാപാരികൾ മാനാഞ്ചിറക്ക് ചുറ്റും അതിജീവന വ്യാപാരി ശൃംഖല തീർത്തു. ദുഃഖസൂചകമായി കറുത്ത വസ്‌ത്രം ധരിച്ചു കൊണ്ടാണ് മിക്ക വ്യാപാരികളും പ്രതിഷേധത്തിൽ പങ്കെടുത്തത്.
Read more: 'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍