കോഴിക്കോട്: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം വടക്കൻ കേരളത്തിൽ പൂർണം. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന വടക്കൻ കേരളത്തിൽ സമരം ജനജീവിതത്തെ ബാധിച്ചു. അതേസമയം, കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പകരം സർവ്വീസുകൾ പുനക്രമീകരിച്ച് ആളുകൾ എറെയുള്ള ഇടങ്ങളിലേക്ക് സർവ്വീസുകൾ നടത്തി.
സമരത്തിൽ ഏറ്റവുമധികം വലഞ്ഞത് വിദ്യാർഥികളായിരുന്നു. പരീക്ഷാ സമയമായതിനാൽ കൃത്യസമയത്ത് പരീക്ഷ ഹാളിലേക്ക് എത്താനുള്ള നേട്ടോട്ടത്തിലായിരുന്നു കുട്ടികൾ.
അതേസമയം നിരക്ക് വർധിപ്പിക്കാമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടും സമരവുമായി മുന്നോട്ട് പോകുന്ന ബസുടമകളുടെ നിലപാട് ശരിയായില്ലന്നാണ് യാത്രക്കാർ പറയുന്നത്. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 ആയി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ 2 ൽ നിന്നും ആറു രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.