കോഴിക്കോട്: തൂണേരി പഞ്ചായത്തിലെ പേരോട് നാലു വയസുള്ള ഇരട്ട കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സിസിയുപി സ്‌കൂൾ പരിസരത്തെ മഞ്ഞാം പുറത്ത് റഫീഖിന്‍റെ ഭാര്യ സുബീന മുംതാസിനെതിരെ (31) കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബന്ധുക്കളും, പരിസരവാസികളും, രക്ഷാപ്രവർത്തകരും ഉൾപെടെ 60ഓളം സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്.
2021 സെപ്‌റ്റംബർ 26 ഞായറാഴ്ച്ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റഫീഖിന്‍റെയും സുബീനയുടെയും ഇരട്ട കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്‌വിന്‍ എന്നിവരെയാണ് മാതാവ് സുബീന മുംതാസ് കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
തുടർന്ന് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സുബീനയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത സുബീനയെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപാതകം നടന്ന് 77 മത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി സുബീന റിമാന്‍റിലാണ്.