കോഴിക്കോട്: കോഴിക്കോടിന്‍റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻ പറമ്പ്. 16 ഏക്കറില്‍ കണ്ണെത്താ ദൂരത്തോളം മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻ പറമ്പിലെ മാലിന്യനിക്ഷേപത്തിനെന്ന് പഴമക്കാർ പറയും.
വീടുകളിലെ താൽക്കാലിക കക്കൂസുകളിൽ നിന്നും മനുഷ്യവിസർജ്യം ഞെളിയൻ പറമ്പില്‍ നിക്ഷേപിച്ചിരുന്നു. ഒരു കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത മാർഗ്ഗമായിരുന്നു ഇത്. മണ്ണിനോട് ചേർന്ന വളമാകുന്ന വിസർജ്യത്തിനും ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്കിന്‍റെ വരവോടെ കഥ മാറി. മാലിന്യം കുന്നുകൂടി.
ദുർഗന്ധവും തെരുവു നായ്‌ക്കളും എല്ലാം ചേർന്ന് ഞെളിയൻ പറമ്പൊരു മാലിന്യ പറമ്പായി. പരാതിയും നിവേദനവുമായി കോഴിക്കോടിന്‍റെ വാർത്താ പരമ്പരകളില്‍ ഞെളിയൻ പറമ്പ് നിറഞ്ഞു. കോർപ്പറേഷൻ പദ്ധതികൾ പലതും പരീക്ഷിച്ചു. പക്ഷേ കടല്‍ പോലെ, കുന്നു പോലെ അടിഞ്ഞു കൂടിയ മാലിന്യം സംസ്‌കരിക്കാൻ അതൊന്നും പോര. ഒടുവിലിതാ സർക്കാർ വലിയൊരു പദ്ധതി നടപ്പാക്കുകയാണ്. ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്‍റ് ഇവിടെ സ്ഥാപിതമാകും.
നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ പാട്ടത്തിന് നല്‍കിയ ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായ സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പ് ചുമതലയും നല്‍കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യത്തില്‍ നിന്ന് ഞെളിയൻ പറമ്പിന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ.