കോഴിക്കോട്: 70 കൊല്ലത്തിലേറെയായുള്ള സ്വപ്‌നം നടപ്പിലാകാൻ പോകുന്ന സന്തോഷത്തിലാണ് കല്ലായി നിവാസികള്‍. ഫുട്ബോൾ കമ്പകാരുടെയും കളിക്കാരുടെയും നാടായ പള്ളിക്കണ്ടിയിൽ മിനിസ്റ്റേഡിയം വേണമെന്ന സ്വപ്‌നമാണ് നടപ്പാകാനിരിക്കുന്നത്. പുഴയോട് ചേർന്ന് ഒഴിഞ്ഞ സ്ഥലം ഏറ്റെടുക്കാൻ സർക്കാരിനെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചു. കോർപറേഷൻ 57ആം വാർഡായ മുഖദാറിൽ കല്ലായി പുഴയോട് ചേർന്നുള്ള 95.8 സെന്‍റ് സ്ഥലം സ്റ്റേഡിയം നിർമ്മിക്കുന്നത് ഉപയോഗപ്പെടുത്താനാണ് നീക്കം.
ഇപ്പോൾ നാട്ടുകാർ കളിക്കാനായി ഉപയോഗിക്കുന്ന ഈ ഭാഗം സ്റ്റേഡിയം ആക്കണമെന്ന് ആവശ്യപ്പെട്ട് 500 പേർ ഒപ്പിട്ട നിവേദനം പള്ളിക്കണ്ടി പ്ലേ ഗ്രൗണ്ട് വികസന കമ്മിറ്റി നഗരസഭയ്ക്ക് സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് നടന്ന പരിശോധനയിൽ പുറമ്പോക്ക് ഭൂമിയാണെന്ന് ടൗൺ സർവേയർ റിപ്പോർട്ടും നൽകി. സ്റ്റേഡിയം നിർമ്മിക്കാനുള്ള അപേക്ഷ സർക്കാരിന് നൽകാൻ കോർപ്പറേഷൻ സ്‌റ്റിയറിങ് കമ്മറ്റിയും തീരുമാനിച്ചു. നഗരാസൂത്രണ സ്ഥിരംസമിതി സർക്കാരിലേക്ക് തുടർനടപടിക്ക് കൗൺസിലിന് കൈമാറി. കൗൺസിൽ യോഗവും അംഗീകരിച്ചതോടെയാണ് പുതിയ പ്രതീക്ഷ ഉയർന്നത്.
പുഴ പുറമ്പോക്ക് ആയതിനാൽ തുടർ നടപടിക്ക് സർക്കാർ അനുമതി വേണം. സക്കറിയ പള്ളിക്കണ്ടി ജനറൽ കൺവീനറും, സിപി റൗസീഫ് ചെയർമാനും എൻ.വി സിറാജ് ട്രഷററുമായ പള്ളിക്കണ്ടി പ്ലേ ഗ്രൗണ്ട് വികസന കമ്മറ്റി ഒരു കൊല്ലം മുമ്പ് ജില്ലാ കലക്ടർ എന്നിവർക്ക് മിനി സ്റ്റേഡിയത്തിനായി നിവേദനം നൽകിയിരുന്നു. നഗരത്തിലെ മികച്ച പ്രതിഭകൾ പലരും ഈ പുറമ്പോക്കിൽ കളിച്ചു വളർന്നവരായിരുന്നു. പ്ലേ ഗ്രൗണ്ട് വരുന്നതോടെ നഗരത്തിലെ മുഖ്യ കളിയിടമായി പള്ളിക്കണ്ടി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.