കോഴിക്കോട് : മലയാള സിനിമയ്ക്ക് കരുത്തുള്ള ഒരു നടനെ കൂടി സമ്മാനിച്ചിരിക്കുകയാണ് രത്തീനയുടെ സംവിധാന സംരംഭത്തില്‍ പിറന്ന 'പുഴു'. നാടക രംഗത്ത് നിന്നും കരുത്താർജ്ജിച്ച് സിനിമയിലെത്തിയ അപ്പുണ്ണി ശശി എന്ന ശശികുമാർ എരഞ്ഞിക്കലിനെ പരിചയപ്പെടുത്തുകയാണ് 'പുഴു'. 'പുഴു'വിലെ നായകനാണ് അപ്പുണ്ണി ശശി.
Puzhu fame Appunni Sasi Iiranjikkal: സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് റോളിലേക്ക് പോകുമ്പോൾ ശശിയുടെ ബി ആർ കുട്ടപ്പൻ പ്രേക്ഷക മനസിൽ വലിയ സ്ഥാനം നേടുകയാണ്. ഒരു ചെറുപുഞ്ചിരിയുമായി, തന്നെ വേട്ടയാടുന്ന സാമൂഹ്യാവസ്ഥകളെയും ജാതിവാദികളെയും നേരിടുന്ന ബി ആര്‍ കുട്ടപ്പന്‍ അഭിനയ മികവുകൊണ്ട് ആ കഥാപാത്രത്തിന് അത്രമേല്‍ കരുത്തേകിയിരിക്കുകയാണ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി 'പുഴു'വിൽ മുഴുനീള കഥാപാത്രമായാണ് എത്തുന്നത്. ബി.ആർ. കുട്ടപ്പൻ എന്ന നാടകക്കാരനായി മികച്ച പ്രകടനമാണ് അപ്പുണ്ണി പുഴുവിൽ കാഴ്‌ച വയ്ക്കുന്നത്.
Appunni Sasi career: പ്രശസ്‌ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്‍റെ ശിഷ്യനായ എരഞ്ഞിക്കൽ ശശി 'അപ്പുണ്ണികൾ' എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് അപ്പുണ്ണി ശശി ആയത്. ഇന്ത്യയിലും വിദേശത്തുമായി ആറായിരത്തോളം വേദികളിൽ അപ്പുണ്ണി നാടകം അവതരിപ്പിച്ചിട്ടുണ്ട്. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ തുടങ്ങിയ നാടകങ്ങളെല്ലാം ഏറെ നിരൂപക പ്രശംസ നേടി.
തിരഞ്ഞെടുപ്പ്, ചക്കരപ്പന്തൽ തുടങ്ങിയ ഒറ്റയാള്‍ നാടകങ്ങളിൽ ഒരേ സമയം പല കഥാപാത്രങ്ങളായി എത്തി കാണികളെ അമ്പരപ്പിച്ച നടന്‍ കൂടിയാണ് ശശി. ശിവദാസ് പൊയിൽക്കാവ് സംവിധാനം ചെയ്‌ത 'ചക്കരപ്പന്തൽ' എന്ന ഏകാംഗ നാടകത്തിൽ നാല് കഥാപാത്രങ്ങളെയാണ് ശശി അവതരിപ്പിച്ചത്. ഒറ്റയാൻ നാടകത്തിലെ ഭാവമാറ്റങ്ങൾ കണ്ടാണ് തിരക്കഥാകൃത്ത് ഹർഷാദ് 'പുഴു'വിലെ ബിആർ കുട്ടപ്പൻ എന്ന കഥാപാത്രം അപ്പുണ്ണി ശശിക്ക് സമ്മാനിച്ചത്.
Appunni Sasi movies: രഞ്ജിത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രത്തിലൂടെയാണ് അപ്പുണ്ണി ശശി സിനിമയിൽ എത്തുന്നത്. മാണിക്യത്തിന്‍റെ സഹോദരൻ ആണ്ടിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ അപ്പുണ്ണിയെത്തിയത്. 'ഇന്ത്യൻ റുപ്പി', 'ഞാൻ', 'ഷട്ടർ', 'പാവാട', 'കപ്പേള'.. തുടങ്ങി നിരവധി സിനിമകളിൽ അപ്പുണ്ണി ശശി ചെറിയ വേഷങ്ങൾ ചെയ്‌തു. പ്രേക്ഷക ശ്രദ്ധ നേടിയ 'പുഴു'വിലെ കഥാപാത്രത്തെ കുറിച്ചും ആ സിനിമയിലേക്ക് എത്തിച്ചേർന്ന കഥയുമെല്ലാം ഇടിവി ഭാരതുമായി പങ്കുവെയ്ക്കുകയാണ് അപ്പുണ്ണി ശശി.