കോഴിക്കോട്: തീവ്രവാദത്തിന് മുന്നിൽ സന്ധി ചെയ്യുന്ന പ്രശ്‌നമേയില്ലെന്ന് എം.കെ മുനീർ എംഎല്‍എ. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ തീവ്രവാദവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും രണ്ടും എതിർക്കപ്പെടണമെന്നും മുനീർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൻ്റേയും ഹർത്താൽ അക്രമങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മുനീറിൻ്റെ പ്രതികരണം.
ന്യൂനപക്ഷമായതുകൊണ്ട് ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ അപകടമെന്ന് പറയാൻ കഴിയില്ല. പോപ്പുലർ ഫ്രണ്ടിനെപ്പോലെ ഇരുട്ടത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ്. ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടുമായി ചേർന്നാണ് എൽഡിഎഫ് ഭരിച്ചത്. എല്ലാ കാലത്തും പോപ്പുലർ ഫ്രണ്ട് വോട്ട് വേണ്ടെന്ന് ലീഗ് നിലപാട് എടുത്തിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചാൽ സംഘടന ഇല്ലാതാവും എന്ന് അഭിപ്രായമില്ല. സിമിയെ നിരോധിച്ചപ്പോൾ എസ്‌ഡിപിഐയായി മാറി. ഇനി എസ്‌ഡിപിഐയെ നിരോധിച്ചാൽ വേറെ പേരു വരുമെന്നും മുനീർ പറഞ്ഞു.