കോഴിക്കോട് : ഹരിത വിഷയത്തിൽ പിഎംഎ സലാമിന്‍റെ അഭിപ്രായം തള്ളി ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ.മുനീര്‍. വിഷയം അടഞ്ഞ അധ്യായമല്ലെന്നും വനിത കമ്മിഷനില്‍ കൊടുത്ത പരാതിയില്‍ 'ഹരിത' മുന്‍ നേതാക്കള്‍ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്നും എം.കെ.മുനീര്‍ വ്യക്തമാക്കി.
ഈ നേതാക്കൾ എടുക്കുന്ന തീരുമാനം അനുസരിച്ചാണ് ഹരിത അധ്യായം അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കുകയെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.
'ഹരിത വിവാദം'
ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ഹരിത' നേതാക്കൾ മുസ്ലിം ലീഗ് നേതൃത്വത്തെ സമീപിക്കുന്നത്.
എന്നാൽ നേതൃത്വം നടപടിയെടുക്കാത്തതിനെ തുടർന്ന് പരാതിയുമായി ഹരിത നേതാക്കൾ മുന്നോട്ട് പോകുകയായിരുന്നു. തുടർന്ന് പരാതി പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുത്തു.
'കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃക'; നൂർബിന റഷീദ്
അതേസമയം കഴിഞ്ഞ ദിവസം ഹരിത നേതാക്കൾക്കെതിരെ വിമർശനവുമായി വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ് രംഗത്തെത്തിയിരുന്നു. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്‍റെ മാതൃകയെന്നായിരുന്നു നൂർബിന റഷീദിന്‍റെ പ്രതികരണം.
ഹരിത സംഘടിപ്പിച്ച സി.എച്ച് അനുസ്‌മരണ, ഏകദിന സെമിനാറില്‍ സംസാരിക്കവെയായിരുന്നു നൂർബിനയുടെ അഭിപ്രായ പ്രകടനം.
പരാതി പരിശോധിച്ച് നടപടിയെന്ന് പി സതീദേവി
അതിനിടെ ഹരിത നേതാക്കളുടെ പരാതി പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റ ശേഷം പി സതീദേവി പ്രതികരിച്ചു.
പീഡന പരാതികളിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് പക്ഷപാതം ഉണ്ടാകുന്നത് കൃത്യമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭ്യമാക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്നും പി സതീദേവി വ്യക്തമാക്കിയിരുന്നു.
READ MORE: ഹരിത വിഷയത്തിൽ പരാതി പരിശോധിച്ച് നടപടി: പി സതീദേവി