കോഴിക്കോട്: കോടഞ്ചേരി ജീരകപ്പാറ വനപ്രദേശത്ത് നിന്ന് മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ വനപാലകരുടെ പിടിയിൽ. ജീരകപ്പാറ പെരുമ്പള്ളിൽ ഷാജി ജോസഫ് (47) ആണ് വനപാലകരുടെ പിടിയിലായത്.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.കെ രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വട്ടച്ചിറ, കൂരോട്ടുപാറ, ജീരകപ്പാറ ഭാഗങ്ങളിൽ മൂന്ന് സംഘങ്ങളായി പട്രോളിങ് നടത്തിയിരുന്നു. ജീരകപ്പാറ പ്രദേശത്ത് പട്രോളിങ് നടത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വനത്തിൽനിന്ന് വെടിയൊച്ച കേൾക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു.
ഗർഭിണിയായ മുള്ളൻപന്നിയുടെ ജഡവും തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളും വനപാലകർ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മുള്ളൻപന്നിയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.