കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ജനതാദൾ -എസിൽ (ജെ.ഡി.എസ്) ലയിക്കാൻ ധാരണയായി. എൽ.ജെ.ഡി ദേശീയ നേതൃത്വം ആർ.ജെ.ഡിയിൽ ലയിച്ചതിന് പിന്നാലെയാണ് തീരുമാനം. 24ന് കോഴിക്കോട് ചേരുന്ന എൽ.ജെ.ഡി സംസ്ഥാന സമിതിയിൽ ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
സോഷ്യലിസ്റ്റ് പാർട്ടികളായ ആർ.ജെ.ഡി, ജെ.ഡി.എസ്, സമാജ് വാദി പാർട്ടി എന്നിവയിലൊന്നിൽ ലയിക്കാനുള്ള തീരുമാനത്തെത്തുടർന്ന് ചർച്ചക്കായി ഏഴംഗ സമിതിക്ക് എൽജെഡി നേരത്തെ രൂപം നൽകിയിരുന്നു. ഇതിൽ ആർ.ജെ.ഡി, സമാജ് വാദി പാർട്ടി നേതൃത്വവുമായുള്ള ചർച്ച പുരോഗമിക്കാത്തതോടെയാണ് ജെ.ഡി.എസിൽ ലയിക്കുകയെന്ന തീരുമാനത്തിലെത്തിയത്.
ഇത് സംബന്ധിച്ച് ഇരു പാർട്ടിയുടെയും പ്രസിഡന്‍റുമാരായ മാത്യു ടി. തോമസ് എം.എൽ.എയുടെയും എം.വി. ശ്രേയാംസ് കുമാറിന്‍റെയും നേതൃത്വത്തിൽ ചർച്ച നടന്നു. ലയനത്തിന് മുന്നോടിയായി എൽ.ജെ.ഡി നേതാക്കൾ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ചനടത്തിയപ്പോൾ ജെ.ഡി.എസിൽ ലയിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും നിർദേശിച്ചത്.
അതേ സമയം എൽ.ജെ.ഡിയുടെ ഏക എംഎൽഎ ആയ കെ പി മോഹനൻ്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജെഡിഎസ് ലയനത്തിന് എതിരാണ്. ലാലുപ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർജെഡിയിൽ ലയിക്കണമെന്നാണ് ഇവരുടെ പക്ഷം. നിലവിൽ മന്ത്രി പദവി കെ. കൃഷ്‌ണൻകുട്ടിയും മാത്യു ടി. തോമസും രണ്ടരവർഷം വീതം പങ്കിടാനാണ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സാന്നിധ്യത്തിൽ ധാരണയായത്.
എന്നാൽ ലയിച്ച് കഴിഞ്ഞാൻ കെ.പി. മോഹനന് വേണ്ടി മന്ത്രി പദവി ആവശ്യപ്പെടാനുള്ള നീക്കവും ശ്രേയാംസ് കുമാർ നടത്തും. ഇതിന് ജെ.ഡി.എസ് വഴങ്ങില്ല എന്ന് മനസിലാക്കിയതോടെയാണ് കെ പി മോഹനൻ ലയന താൽപര്യത്തിൽ നിന്ന് മാറി നിൽക്കുന്നത്.