കോഴിക്കോട്: മറിപ്പുഴയിൽ ഫാം ഹൗസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം. തിരുവമ്പാടിയിലെ വനാതിർത്തി പ്രദേശമായ ആനക്കാംപൊയിൽ മറിപ്പുഴയിൽ ഡോ.സാജന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. അക്രമി സംഘം ജനലുകൾ തകർക്കുകയും വാതില്‍ പൊളിച്ച് അകത്തു കയറി പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു. അഞ്ച് മുയലുകളേയും കോഴിഫാമിൽ സൂക്ഷിച്ചിരുന്ന മുട്ടകളും സംഘം എടുത്ത് കൊണ്ടുപോയി.
തിരുവമ്പാടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സബ് ഇൻസ്പെക്ടർ മനോജിന്‍റെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപ് തൊട്ടടുത്തുള്ള ഹോംസ്റ്റേയിലും സമാനമായ അതിക്രമം നടന്നിരുന്നു. നേരത്തെ ഇവിടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു.