കോഴിക്കോട്: കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് നഗരത്തിൽ സമൂഹ അടുക്കള ആരംഭിച്ച് ഡിവൈഎഫ്ഐ. കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് മുതല്‍ വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകും.
കൊവിഡിന്‍റെ ഒന്നും രണ്ടും തരംഗ സമയത്ത് സഹായവുമായി വീടുകളിൽ എത്തിയതിന്‍റെ പിന്തുടർച്ചയായിട്ടാണ് കോഴിക്കോട് ഡിവൈഎഫ്ഐ ഇന്ന് മുതല്‍ വീണ്ടും സമൂഹ അടുക്കള ആരംഭിച്ചത്. കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന ആളുകൾക്കാവും സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം എത്തിക്കുക.
വിഭവ സമാഹരണത്തിലൂടെയാണ് സമൂഹ അടുക്കളയിലേക്ക് വേണ്ടുന്ന സാധനങ്ങൾ സമാഹരിച്ചത്. ജില്ലയിലെല്ലായിടത്തും ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളകൾ ആരംഭിക്കുമെന്നും മഹാമാരിക്കാലത്ത് ആരും പട്ടിണികിടക്കരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ഭക്ഷണ വിതരണം ആരംഭിച്ചതെന്നും ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി വി വസീഫ് പറഞ്ഞു.
Also read: ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം; കോഴിക്കോട് ജില്ലയിൽ കർശന പരിശോധന