കോഴിക്കോട്: കോഴിക്കോട് കൂളിമാട് കടവില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു വീണു. ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീമുകളാണ് തകർന്ന് വീണത്. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്ക് മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്.
തിങ്കളാഴ്‌ച രാവിലെ 9 മണിയോടെ പാലത്തിന്‍റെ കോൺക്രീറ്റ് ബീമുകൾ തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
രണ്ട് വർഷം മുന്‍പ് ആരംഭിച്ച പാലത്തിന്‍റെ നിർമാണ പ്രവൃത്തി ഏറെക്കൂറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടമുണ്ടായത്. 2019 മാർച്ചിലാണ് പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറിൽ മലപ്പുറം ഭാഗത്തായും പാലത്തിന്‍റെ കാലുകൾക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലൻഡും സ്ഥാപിച്ചിരുന്നു.
പ്രവൃത്തി പുരോഗമിക്കവെ പുഴയിലെ കുത്തൊഴുക്കിൽ ഐലൻഡ് ഒലിച്ചുപോയതോടെ നിർമാണ പ്രവൃത്തി നിർത്തിവച്ചിരുന്നു. പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കേണ്ടിവന്നു.