കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വടകര ഡിവൈഎസ്‌പി അബ്‌ദുള്‍ ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിയ്ക്കുമെന്ന് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് (ജൂലൈ 13) പുലർച്ചെയാണ് സംഭവം. ഊരള്ളൂർ മാതോത്ത് മീത്തൽ മമ്മദിന്‍റെ മകൻ അഷ്റഫിനെ ഇന്നോവ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കൊടുവള്ളിയിൽ നിന്നെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പരാതി.
Read more: പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന് സൂചന
അഷ്റഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ട് വന്നിരുന്നെന്നും ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് അഷ്റഫിനെ കൊണ്ട് പോയതെന്നും സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സ്വർണക്കടത്ത് ക്യാരിയറാണ് അഷറഫ് എന്നാണ് പൊലീസിന്‍റെ സംശയം. നേരത്തെ സ്വർണവുമായി സഹോദരനെ പൊലീസ് പിടിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടു പോകാൻ സംഘമെത്തിയ വാഹനം രണ്ട് ദിവസം മുമ്പ് പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞിരുന്നു.