കോഴിക്കോട്: കൂടത്തായിയില്‍ റോയി തോമസ് കൊല്ലപ്പെട്ട കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ജോളി, പ്രജികുമാര്‍, എം.എസ് മാത്യു എന്നിവരെ താമരശേരി ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. മൂന്ന് പേരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സിലിയുടെ മരണത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ച ശേഷം ജോളിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇതേ കേസിൽ എം.എസ്. മാത്യുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ പൊലീസ് ഇന്ന് കോടതി മുമ്പാകെ സമർപ്പിക്കും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെ പ്രതികളെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.