മലപ്പുറം: ആർഎസ്എസ് വേദി പങ്കിട്ട സംഭവത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും പാർട്ടി ശാസന നൽകിയതായാണ് കരുതുന്നത്.
ശക്തമായ നടപടിയെടുക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും പാർട്ടിക്കുണ്ടെന്നും കെ.എൻ.എ ഖാദര്‍ പറഞ്ഞു. കോഴിക്കോട് നടന്ന ആർഎസ്എസ് പരിപാടിയിൽ കെഎന്‍എ ഖാദർ പങ്കെടുത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണം തേടിയ മുസ്ലിം ലീഗ് അദ്ദേഹത്തെ താക്കീത് ചെയ്‌തിരുന്നു.
Read more: ആര്‍.എസ്.എസ് വേദിയിലെ പങ്കാളിത്തം: വീഴ്ച സമ്മതിച്ച് കെ.എൻ.എ ഖാദർ
ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വീഴ്‌ച ഉണ്ടായെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തില്‍ കെ.എന്‍.എ ഖാദര്‍ സമ്മതിച്ചിരുന്നു. കോഴിക്കോട് കേസരി സംഘടിപ്പിച്ച സ്നേഹബോധി പരിപാടിയുടെ ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. ആർഎസ്‌എസ് നേതാക്കളില്‍ നിന്ന് ആദരം ഏറ്റുവാങ്ങിയതും പാര്‍ട്ടി നയത്തിന്‍റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് വിലയിരുത്തൽ.