കോഴിക്കോട് : കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഓര്‍മ പുതുക്കി കലിയന് കൊടുക്കല്‍ ചടങ്ങ് ആഘോഷമാക്കി നാട്ടുകൂട്ടം. കൊയിലാണ്ടി ചേമഞ്ചേരി കുനിക്കണ്ടി മുക്കിലെ ജനകീയ കൂട്ടായ്‌മയാണ് കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തിയത്. മിഥുന മാസത്തിലെ അവസാന ദിവസം സന്ധ്യയ്ക്ക് വീടുകളില്‍ നടക്കുന്ന പരമ്പരാഗത ചടങ്ങാണ് കലിയന് കൊടുക്കല്‍.
സന്ധ്യയ്ക്ക് ചൂട്ടുകത്തിച്ച് കിണ്ടിയില്‍ വെള്ളം നിറച്ച് മുറം കൈയ്യിലേന്തി വീട്ടിലെ അംഗങ്ങള്‍ എല്ലാവരും വീടിന് ചുറ്റും നടന്നാണ് കലിയന് കൊടുക്കുന്നത്. വാഴത്തട കൊണ്ട് കൂടുണ്ടാക്കി പ്ലാവില കുത്തി മുറത്തിൽ നാക്കിലയിട്ട് വിഭവങ്ങൾ വിളമ്പിവയ്ക്കും. 'കലിയാ...കലിയാ...കൂയ്...ചക്കേം മാങ്ങേം കൊണ്ടത്താ...' എന്ന് ആർത്തുവിളിച്ച് വീടിന് ചുറ്റും മൂന്ന് തവണ വലംവയ്ക്കും.
ഒടുവില്‍ വിഭവങ്ങളെല്ലാം പറമ്പിന്‍റെ തെക്കേ ഭാഗത്തെ പ്ലാവിന്‍റെ ചുവട്ടില്‍ കൊണ്ടുവച്ച് ചരല് വാരി എറിയും. പ്ലാവ് നിറച്ചും കായ്ക്കാന്‍ വേണ്ടിയാണിത്. വീട്ടില്‍ ഫലസമൃദ്ധിയുണ്ടാകാന്‍ വെളിച്ചേമ്പും കൂവയും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയുന്നതോടെ ചടങ്ങ് പൂർത്തിയാകും.
Also read: വിശ്വാസികള്‍ക്ക് രാമായണ പുണ്യത്തിന്‍റെ കര്‍ക്കടകത്തിന് തുടക്കം
കലിതുള്ളുന്ന കാലവര്‍ഷത്തിൽ കഷ്‌ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കി വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വരാനാണ് പണ്ടുകാലത്ത് കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തിയിരുന്നത്. കലിയന് കൊടുക്കല്‍ ചടങ്ങ് വീടുകളില്‍ അപൂർവമായി മാത്രമേ നടത്തുന്നുള്ളൂ. എങ്കിലും കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ പുതുക്കിക്കൊണ്ട് വടക്കേ മലബാറില്‍ ഇന്നും നാട്ടുകൂട്ടങ്ങള്‍ കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തുന്നുണ്ട്.