കോഴിക്കോട്: കോടിയേരി ബാലകൃഷ്‌ണന്‍ ന്യൂനപക്ഷ വർഗീയ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകൻ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് കെ മുരളീധരൻ എംപി. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ്റെ പരിഹാസം.
കോടിയേരി കോൺഗ്രസിന്‍റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോൺഗ്രസ് മതേതരപാർട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കിൽ ഇന്ത്യയിൽ വേറെ എവിടെയും സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
കൊവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണ്. കേരളം നാഥനില്ലാക്കളരിയായി. ഇനി അധികാരത്തിൽ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നിൽക്കണ്ട് ന്യൂനപക്ഷ കാർഡ് ഇറക്കുകയാണ്. ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മിൽ എവിടെയാണ് ന്യൂനപക്ഷ നേതാക്കൾ എന്നും മുരളീധരൻ ചോദിച്ചു.
പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കയ്യിൽ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി കോടിയേരി വർഗീയത പറയണ്ടേ എന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ നേതാക്കളെവിടെ എന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
Read more: കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിലനില്‍പ്പില്ല: കോടിയേരി ബാലകൃഷ്ണൻ