കോഴിക്കോട്: അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തുടക്കമായി. കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായി മൂന്ന് ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 76 കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
എട്ടാമത് മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്പ്. സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 76 മത്സരാർഥികളിൽ നാല് പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഓസ്ട്രേലിയ, റഷ്യ, നേപ്പാൾ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.
ഇന്ത്യയിൽ നിന്ന് മേഘാലയ, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക താരങ്ങളും കേരളത്തിൽ നിന്ന് 10 ലേറെ താരങ്ങളും പങ്കെടുക്കുന്നുണ്ട്. റഷ്യയിൽ നിന്നുള്ള ഇവാനാണ് നിലവിലുള്ള ചാമ്പ്യൻ. പ്രൊ, ഇൻ്റർമീഡിയറ്റ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.