കോഴിക്കോട്: പിടിഎ റഹിം എംഎൽഎയെ ഒപ്പം ചേർത്ത് ഇടതു മുന്നണിയിൽ 'പിടിച്ച് നിൽക്കാനു'ള്ള ശ്രമം തുടങ്ങി ഐഎൻഎല്ലിലെ എ.പി അബ്ദുൾ വഹാബ് വിഭാഗം. പിളർപ്പ് പാർട്ടിയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് വളർന്നതോടെയാണ് ഈ പിടിച്ചു നിൽക്കൽ തന്ത്രം. തിരുവനന്തപുരത്തെത്തി റഹീമുമായി വഹാബ് കൂടിക്കാഴ്ച നടത്തും.
'തെക്കൻ ജില്ലകളിലേക്കുള്ള യാത്രയിലാണ്, ജില്ലാ കമ്മിറ്റി അംഗങ്ങളെ കാണും. തലസ്ഥാനത്തെത്തി പിടിഎ റഹിമിനെ കാണും. നാട്ടുകാരൻ എന്ന നിലയ്ക്ക് കാണാല്ലോ, നിലവിൽ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം നേരിട്ട് ചർച്ച ചെയ്യും' വഹാബ് ഇടിവി ഭാരതിനോട് പറഞ്ഞു.
എന്നാൽ ഇതേ കുറിച്ചൊന്നും ഒന്നും അറിയില്ല എന്നാണ് പിടിഎ റഹീമിന്‍റെ പ്രതികരണം. 'ഞാൻ നിയമസഭ തിരക്കിലാണ്. വാർത്തകളൊന്നും കാണാനും കേൾക്കാനും നേരമില്ല, എല്ലാം പിന്നെ പറയാം..' ഇതായിരുന്നു റഹീമിനെ വിളിച്ചപ്പോൾ അറിയിച്ചത്.
ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് യോഗം വിളിച്ച് ചേർത്ത് ശക്തി തെളിയിക്കാനുള്ള തത്രപ്പാടിലാണ് വഹാബ് പക്ഷം. പാർട്ടിയുടെ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ആ വിഭാഗത്തിനാണ് നിലവിൽ മുന്നണിയിൽ മേൽക്കൈ.
കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയും ഈ വിഭാഗത്തിനാണ്. അതേസമയം, പാർട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവർത്തകരും എല്ലാം തങ്ങൾക്കൊപ്പം ആണെന്നാണ് രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. ഇത് തെളിയിക്കാനുള്ള 'ഓട്ട'ത്തിലാണ് വഹാബ്. പാർട്ടി ദുർബലമായ തെക്കൻ ജില്ലകളിൽ തമ്മിൽ ഭേദം കാസിം പക്ഷമാണ്. അതിൽ അസംതൃപ്തരായവരെ കൂട്ടിയിണക്കാനാണ് വഹാബ് ഇറങ്ങി തിരിച്ചത്.
ഇടതുമുന്നണി കടുത്ത തീരുമാനം ഉടൻ എടുത്തേക്കില്ല
ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയും അവരുടെ മന്ത്രിയും എന്ന നിലയിൽ മന്ത്രിസഭയിൽ നിന്നും ഐഎൻഎൽ പ്രതിനിധിയെ തിരക്കിട്ട് ഒഴിവാക്കാൻ സാധ്യത കുറവാണ്. എന്നാൽ മന്ത്രിയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ദുർബലരാണ് എന്ന് തെളിയിക്കപ്പെട്ടാൽ എൽഡിഎഫിന് കടുത്ത തീരുമാനം എടുക്കേണ്ടി വരും.
അതിനുള്ള പണിയും മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള തന്ത്രവുമാണ് വഹാബ് പക്ഷം മെനയുന്നത്. മുസ്‌ലിം ലീഗിന്‍റെ കോട്ടകളിൽ വിള്ളൽ വരുത്തി ലീഗിലെ കൂടുതൽ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനുള്ള ദൗത്യമായിരുന്നു മുന്നണി പ്രവേശന സമയത്ത് സിപിഎം ഐഎൻഎല്ലിനെ ഏൽപ്പിച്ചത്. എന്നാൽ ആ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥ വന്നാൽ അത് ലീഗിനാണ് ഗുണം ചെയ്യുക.
2006 ലെ ചരിത്രം
2006 ല്‍ കോഴിക്കോട് സൗത്തില്‍ നിന്നും ഐഎന്‍എല്‍ ടിക്കറ്റില്‍ വിജയിച്ച പിഎംഎ സലാം പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോൾ ലീഗിലേക്ക് തിരിച്ച് പോയിരുന്നു. സമാനമായ ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ലീഗിന് വളംവെച്ച് കൊടുക്കുന്ന ഒരു നിലപാടിലേക്ക് സിപിഎം നീങ്ങുമോ എന്നതാണ് കണ്ടറിയേണ്ടത്.
അതേ സമയം കേരള കോൺഗ്രസിലെ പി.സി.തോമസ് വിഭാഗം പിളർന്നപ്പോൾ ഒരു വിഭാഗത്തെ മുന്നണി യോഗത്തിൽ നിന്ന് ഇറക്കിവിട്ട ചരിത്രമാണ് ഐഎൻഎല്ലിനെ ആശങ്കപ്പെടുത്തുന്നത്.
also read: സേഠിന്‍റെ പാരമ്പര്യം മറന്ന ഐഎൻഎല്ലും അരിശത്തിലായ സി.പി.എമ്മും! ശേഷമെന്ത്?