കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. കുടിശിക കൊടുത്ത് തീർക്കാത്തതിനാൽ വിതരണക്കാർ സ്റ്റെന്‍റ് അടക്കമുള്ളവയുടെ സ്റ്റോക്ക് തിരിച്ചെടുത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണം. രണ്ട് കോടിയിലധികം രൂപയാണ് കഴിഞ്ഞ ആറ് മാസത്തെ കുടിശികയായി കൊടുത്ത് തീർക്കാനുള്ളത്.
എട്ട് മാസം മുൻപാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം പ്രവർത്തനം തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള വാർഡ് ആരോഗ്യ വകുപ്പിന്‍റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയതാണ്. എന്നാൽ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങളുടെ വിതരണം നടത്തുന്ന കമ്പനിക്ക് അതിന്‍റെ പണം കൊടുത്തത് ആദ്യത്തെ രണ്ട് മാസങ്ങളിൽ മാത്രമാണ്.
പിന്നീട് കുടിശികയായി വന്ന വലിയ തുക ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ നിരന്തരം സമീപിച്ചെങ്കിലും പണം കൊടുക്കാൻ നടപടിയുണ്ടായില്ല. ഒടുവിൽ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകിയെങ്കിലും കുടിശിക അനുവദിക്കാനുള്ള നീക്കമൊന്നുമുണ്ടായില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി.
Also read: സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും: മുന്നൊരുക്കം പൂര്‍ത്തിയാക്കാൻ നിര്‍ദേശം