കോഴിക്കോട്: കൂടരഞ്ഞിയിലെ കൂട്ടകരയിൽ റബർ പുകപ്പുരയില്‍ തീപിടിത്തം. രണ്ട് ചെറുപ്പക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കൂടരഞ്ഞി സ്വദേശി ജോസഫ് തോണക്കരയുടെ വീടിനോട് ചേർന്ന് റബർ ഉണക്കുന്നതിന് വേണ്ടിയുള്ള പുകപ്പുരയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതു കണ്ട വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് സമീപ വീട്ടിൽ വയറിങ്ങിന് വന്ന ലോറൻസ് പഴൂർ, സിജോ കൂനംന്താനത്ത് എന്നിവരാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്.
പുകപ്പുരയും റബർ ഷീറ്റുകളും പൂർണമായും കത്തി നശിച്ചു. പിന്നീട് മുക്കത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ പൂർണമായും അണക്കുകയായിരുന്നു. രണ്ടു ചെറുപ്പക്കാരുടെ സംയോജിത ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.