കോഴിക്കോട്: ഒരു ജനതയെ മുഴുവൻ മരണ ഭീതിയിലാക്കിയാണ് കൊവിഡ് നാട് മുഴുവൻ വ്യാപിച്ചത്. സംഗതി ഗുരുതരമായതോടെ വാക്‌സിൻ മാത്രമായി പരിഹാര മാർഗം. വാക്‌സിൻ വിപണിയിലെത്തിയപ്പോൾ പണം കൊടുത്ത് വാക്‌സിൻ എടുക്കാൻ നിവൃത്തിയില്ലാതെ സാധാരണക്കാരൻ നോക്കി നിന്നു. അപ്പോൾ സുപ്രീംകോടതി ഇടപെട്ടു. അതോടെ എല്ലാവർക്കും സൗജന്യ വാക്‌സിൻ നല്‍കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അതിനും മുൻപേ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നല്‍കുമെന്ന് കേരള സർക്കാർ പറഞ്ഞിരുന്നു.
ഇനിയാണ് ശരിക്കുമുള്ള കഥ
സൗജന്യ വാക്‌സിനേഷൻ ആരംഭിച്ചതു മുതല്‍ സർക്കാർ കേന്ദ്രങ്ങളില്‍ വാക്‌സിൻ ലഭ്യമല്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വാക്‌സിൻ സ്‌ളോട്ട് ബുക്ക് ചെയ്യാൻ ശ്രമിച്ച് പലതവണ പരാജയപ്പെട്ടവർ പണം കൊടുത്ത് വാക്‌സിൻ എടുക്കാൻ ശ്രമം തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികൾ വൻതോതില്‍ വാക്‌സിൻ വാങ്ങിക്കൂട്ടാൻ തുടങ്ങി. അതോടെ സർക്കാരിന് ലഭിക്കുന്ന ഡോസുകളുടെ എണ്ണം കുറഞ്ഞു.
യജ്ഞവും വിചിത്ര ഉത്തരവും
രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തവർക്ക് മാത്രമെ പൊതുയിടങ്ങളിൽ ഇറങ്ങാൻ പാടുള്ളൂ എന്നാണ് ഏറ്റവും ഒടുവിലത്തെ സംസ്ഥാന സർക്കാർ ഉത്തരവ്. ഇതോടെ ആദ്യം മടിച്ചു നിന്നവരും വാക്‌സിൻ എടുക്കാൻ നിർബന്ധിതരായി. സമ്പൂർണ്ണ സൗജന്യ വാക്സിനേഷൻ, വാക്‌സിനേഷൻ യജ്ഞം എന്നിങ്ങനെ പല പേരുകളില്‍ സർക്കാർ വാക്‌സിനേഷൻ നടക്കുന്നുണ്ടെങ്കിലും ഒരു ഡോസ് എടുക്കണമെങ്കില്‍ പോലും സ്‌ളോട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വില കൊടുത്ത് വാക്‌സിൻ എടുക്കാൻ ആവശ്യത്തിലധികം സ്‌ളോട്ടുണ്ട്.
എല്ലാം സ്വകാര്യന്‍റെ കയ്യില്‍
കൊവിഡ് വാക്സിൻ ക്ഷാമം തുടർക്കഥയാകുമ്പോൾ സ്വകാര്യ ആശുപത്രികൾ കയ്യടക്കി വെച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ഡോസാണ്. ആശുപത്രി ഒന്നിന് ആറായിരം ഡോസ് കണക്കാക്കിയാണ് സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങിക്കൂട്ടിയത്. ഇത്രയും ഡോസ് ബുക്ക് ചെയ്യാന്‍ 38 ലക്ഷം രൂപ മുന്‍കൂര്‍ ആയി അടയ്ക്കുകയും വേണം.
കൊവിഷീൽഡ് ഒരു ഡോസിന് 780 രൂപ, കൊവാക്‌സിൻ ഡോസിന് 1,410 രൂപ, സ്‌പുട്‌നിക്ക് ഡോസിന് 1,145 രൂപ എന്നിങ്ങനെയാണ് സ്വകാര്യ മേഖലയിലെ വില. വാക്‌സിൻ നൽകുന്നതിനുള്ള സർവീസ് ചാർജായി 150 രൂപയും ഈടാക്കുന്നുണ്ട്. ഇതൊക്കെയാണ് കണക്കെങ്കിലും തോന്നിയത് പോലെ ചാർജ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്.
ആവശ്യം വർധിച്ചതോടെ സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സിൻ വിതരണത്തിന് സബ്സിഡിയെങ്കിലും നൽകണമെന്നാണ് പുതിയ വാദം. ചുരുക്കത്തിൽ ജീവന്‍റെ വിലയേക്കാൾ സ്വകാര്യ മേഖലയ്ക്കും വാക്സിൻ നിർമാതാക്കൾക്കും 'വൻവില' കിട്ടുന്ന വഴിയാണ് കേന്ദ്ര സർക്കാർ ഒരുക്കി കൊടുത്തത്.