കോഴിക്കോട്: പതിനാറു കൂട്ടം കറികളുമായി സദ്യയും കൊട്ടും കുരവയും ആൾക്കൂട്ടവും... അങ്ങനെയൊരു കല്യാണം കണ്ട നാൾ പോലും മറന്നു.
കൊവിഡും അതിനു പിന്നാലെ നിയന്ത്രണങ്ങളും വന്നതോടെയാണ് എല്ലാ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ശക്തമായതോടെ കല്യാണം കൊണ്ട് ജീവിത മാർഗം കണ്ടെത്തിയിരുന്ന നിരവധി ആളുകൾ പട്ടിണിയിലായി. അതില്‍ കാറ്ററിങ് തൊഴിലാളികൾ മുതല്‍ ഫോട്ടോഗ്രാഫർമാർ വരെയുണ്ട്.
കൊവിഡല്ലേ, ആൾക്കൂട്ടം പാടില്ലെന്നും ആളു കൂടിയാല്‍ കേസെടുക്കുമെന്നും സർക്കാർ പറഞ്ഞതോടെ, കല്യാണം വേണ്ടെന്ന് വച്ചവർ വരെയുണ്ട്.
മദ്യത്തിന് എന്തുമാകാം...
മറ്റെല്ലാത്തിനും നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ, ആവശ്യക്കാരന്‍റെ ഇഷ്‌ടം അനുസരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകൾ മുഴുവൻ തുറന്നു. അതോടെ സർക്കാരിന്‍റെ മദ്യ വില്‍പ്പന കേന്ദ്രങ്ങൾക്ക് മുന്നില്‍ ആളു കൂടി. എല്ലാ നിയന്ത്രണങ്ങളും മദ്യത്തില്‍ മയങ്ങി. ആർക്കും പരാതിയില്ല, കേസുമില്ല.
"കഴിച്ച്" പ്രതിഷേധിക്കാതെ നിവൃത്തിയില്ല
ഇതോടെയാണ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പ്രതിഷേധത്തിന് തയ്യാറായത്. മദ്യം വാങ്ങാൻ ആളുകൾ തടിച്ചുകൂടുമ്പോഴും ഭക്ഷണ വിതരണത്തിന് സർക്കാർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സരോവരം ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ 'വിവാഹം കഴിച്ച്' നടത്തിയ സമരം.
രാമനാട്ടുകര സ്വദേശി പ്രമോദ്, പന്തീരാങ്കാവ് സ്വദേശി ധന്യ എന്നിവർ പ്രതീകാത്മകമായി വിവാഹം കഴിച്ചു. എംകെ രാഘവൻ എംപി 'മുഖ്യകാർമികനായി'. ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്‍റ് ജാഫർ സാദ്ധിഖ് അധ്യക്ഷനായി.
ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആളു കൂടിയാല്‍ കേസെടുക്കില്ലല്ലോ, അതുകൊണ്ട് ആളെ കൂട്ടി കല്യാണം നടത്തണമെങ്കില്‍ പറ്റിയ സ്ഥലം ബിവറേജ് ഔട്ട്‌ലെറ്റ് തന്നെ... കല്യാണം ഫിറ്റായില്ലെങ്കിലും, സമരം ഹിറ്റായി.
Also read: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി