കോഴിക്കോട്: റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മര്‍ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേരുന്നുവെന്ന വിവരം റിപ്പോർട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് മർദനവും അസഭ്യവർഷവുമുണ്ടായത്. വനിത മാധ്യമ പ്രവർത്തകയെ വളഞ്ഞിട്ട് കയ്യേറ്റം ചെയ്‌ത 'എ' ഗ്രൂപ്പ് നേതാക്കൾ മാതൃഭൂമി ഫോട്ടോഗ്രാഫറെ പൂട്ടിയിട്ടു.
മുൻ ഡിസിസി പ്രസിഡന്‍റ് യു രാജീവൻ്റെ നേതൃത്വത്തിൽ ടി സിദ്ദീഖ് അനുകൂലികളാണ് യോഗം ചേർന്നത്. നെഹ്റു അനുസ്‌മരണ യോഗം എന്ന പേരിൽ 21 പേരാണ് രഹസ്യ യോഗം ചേർന്നത്. ഡിസിസി പ്രസിഡന്‍റിന്‍റെ അറിവോടെയാണ് യോഗം ചേർന്നതെന്നാണ് മുൻ പ്രസിഡന്‍റിന്‍റെ വാദം.
അനുസ്‌മരണ യോഗം ചേരുമെന്ന് യു രാജീവൻ അറിയിച്ചതായി ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറും വ്യക്തമാക്കി. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജില്ലയിലെ ഔദ്യോഗിക പക്ഷത്തിനെതിരെ കരുത്ത് കൂട്ടാനുള്ള തന്ത്രങ്ങൾ മെനയാനുള്ള യോഗമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
Also read: കോഴിക്കോട് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്