കോഴിക്കോട്: കോഴിയിറച്ചിക്ക് കൊള്ള വില ഈടാക്കുന്നുവെന്ന പരാതിയിൽ ഇറച്ചിക്കടകളിൽ പരിശോധന. കോഴിക്കോട്ടെ 23 കടകളിലാണ് പരിശോധന നടത്തിയത്. അടുത്തടുത്ത കടകളിൽ പോലും പല വിലയാണ് ഈടാക്കുന്നതെന്ന് പരിശോധനയിൽ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ലീഗൽ മെട്രോളജി വിഭാഗവും സിവിൽ സപ്ലൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരാഴ്‌ചയ്ക്കിടെ എൺപത് മുതൽ നൂറ് രൂപ വരെയാണ് ഒരു കിലോ കോഴിയിറച്ചിക്ക് കൂടിയത്. 240 രൂപയാണ് മിക്കയിടങ്ങളിലേയും വില.
Read more: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില ഉയർന്നു
അതേസമയം, കടകളിലെ പരിശോധനകൾക്കെതിരെ വ്യാപാരികൾ രംഗത്തെത്തി. തമിഴ്‌നാട്ടിലെ കോഴി ഫാം ലോബിയാണ് വില കൂട്ടുന്നതിന് പിന്നിലെന്നാണ് കോഴിക്കച്ചവടക്കാരുടെ ആരോപണം. വില ഏകീകരിക്കാന്‍ നടപടി എടുക്കാതെ കച്ചവടക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാര സംഘടനകളും അറിയിച്ചു.
പെരുന്നാളിന് ശേഷം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം 3000ഓളം കോഴിക്കച്ചവടക്കാരാണ് ഉള്ളത്. നഷ്‌ടം സഹിച്ച് കടകള്‍ തുറക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.