കോഴിക്കോട്: ചാലിയാർ- ഇരുവഴിഞ്ഞി തീരദേശ ജല ടൂറിസം പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന chaliyar adventure tourism ചാലിയാർ അഡ്‌വെഞ്ചർ പദ്ധതിക്ക് കളമൊരുങ്ങി. പ്രവാസികൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ചെറിയ മൂലധനം സമാഹരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാർ പ്രൊജക്‌ടിന്‍റെ ഉദ്ഘാടനം ഊർക്കടവിൽ കുന്നമംഗലം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു. കയാക്കിങ് ഉൾപ്പെടെയുള്ള ജല വിനോദങ്ങൾ ചാലിയാർ പുഴയിൽ ആരംഭിക്കുമെന്നും കൂടുതൽ പേർക്ക് പരിശീലനം സാധ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു. ഇതു കൂടാതെ റിവർ ഫൈറ്റിങ്, കൊട്ടത്തോണികൾ ഉൾപ്പടെയുള്ളവ ഈ പദ്ധതിയുടെ ഭാഗമാകും.
ജല വിനോദത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്നതിലൂടെ കൂടുതൽ സഞ്ചാരികൾ ചാലിയാറിൽ കയാക്കിങ്ങിനായി എത്തുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പിന്‍റെ സഹായം പദ്ധതിക്കായി നേടിയെടുക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സാഹസിക ടൂറിസത്തിനുള്ള അവസരമാണ് ഇതിലൂടെ ചാലിയാർ പുഴയിൽ ഒരുക്കുകയെന്ന് സംഘാടകസമിതി പ്രതിനിധികൾ പറഞ്ഞു. പദ്ധതിയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 5,000 ആളുകൾക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്താനാകുമെന്നാണ് വിലയിരുത്തൽ.
ALSO READ: കായല്‍ കാണാം, ഭക്ഷണം കഴിക്കാം: വൈക്കത്ത് ഫുഡീ വില്‍സിന്‍റെ ഡബിള്‍ ഡെക്കര്‍ ഭക്ഷണശാല റെഡി