കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനം സംബന്ധിച്ച് നല്‍കിയ വാഗ്‌ദാനങ്ങള്‍ മുഖ്യമന്ത്രി പാലിച്ചില്ലന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തഴയാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചകളില്‍ പല ഉറപ്പുകളും ലഭിച്ചിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ലെന്നും വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകളും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. അപകടത്തിന്‍റെ വ്യക്തമായ കാരണങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുന്നതിന് മുമ്പ് വിമാനത്താവളത്തിന്‍റെ കുഴപ്പങ്ങള്‍ പറയുന്നത് ശരിയല്ലെന്നും ഡി.ജി.സി.എ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനാണ് ചേംബര്‍ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട വിമാനം ഇപ്പോഴുള്ളതിന്‍റെ പകുതി റണ്‍വേ ഉണ്ടായാല്‍ പോലും സുരക്ഷിതമായി ഇറങ്ങാന്‍ കഴിയുന്ന കോഡ് ഇ ഇനത്തില്‍പ്പെട്ടതാണെന്നും കോഴിക്കോടിനും കരിപ്പൂര്‍ വിമാനത്താവളത്തിനും അനുകൂലമായ സമീപനം ഭരണാധികാരികളില്‍ നിന്നുണ്ടാകണെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കാള്‍ വരുമാനമുള്ള വിമാനത്താവളമാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നും ഈ മാസം അവസാനം കോർഡിനേഷൻ കമ്മിറ്റി വിളിച്ച് വിഷയത്തില്‍ അടുത്ത നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് സുബൈര്‍ കൊളക്കാടന്‍, ഹാഷിം കടാക്കലകം, വിശോബ് പനങ്ങാട്ട്, മുന്‍ പ്രസിഡന്‍റ് ഡോ.കെ.മൊയ്തു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.