കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജില്‍ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധ റാലിയുമായി വിമുക്തഭടന്മാരുടെ കൂട്ടായ്‌മ. വിമുക്തഭടന്മാരുടെ കൂട്ടായ്‌മയായ വോയിസ് ഓഫ് എക്‌സ് സർവീസ്‌മെന്‍ ആണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ 15ന് മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന റാലി കമ്മിഷണർ ഓഫിസിന് മുന്നിൽ സമാപിക്കും.
സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടും രാഷ്‌ട്രീയക്കാരുടെ പിൻബലത്തോടെ പ്രതികൾ മുങ്ങി നടക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ഓഗസ്‌റ്റ് 31നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.
Also Read: സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
അനുമതിയില്ലാതെ ആശുപത്രിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനേയും കുടുംബത്തേയും തടഞ്ഞതിന് പിന്നാലെയാണ് ആക്രമണം. മൂന്ന് സുരക്ഷ ജീവനക്കാർക്കും സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനുമാണ് മർദനമേറ്റത്. സുരക്ഷ ജീവനക്കാരിലൊരാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിരുന്നു.